കൊച്ചി: കേരള നിയമസഭ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് മുന്‍ എം.എല്‍.എമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈകോടതി. കെ. ശിവദാസന്‍ നായര്‍, എം.എ വാഹിദ്, ഡൊമിനിക് പ്രസന്റേഷന് എന്നിവര്‍ക്കെതിരായ കേസ് ആണ് കോടതി റദ്ദാക്കിയത്മുന് എം.എല്‍.എ ജമീല പ്രകാശം. കെ.കെ. ലതിക എന്നിവരെ അന്യായമായി തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തെന്ന കുറ്റം ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. 2023ലാണ് യു.ഡി.എഫ് എം.എല്‍.എമാരെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ തീരുമാനിക്കുന്നത്. ഇതിനെതിരെയാണ് യു.ഡി.എഫ് എം.എല്‍.എമാര്‍ ഹൈകോടതിയെ സമീപിച്ചത്.
2015 മാര്‍ച്ച് 13ന് ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിനിടെയുണ്ടായ സംഘര്‍ഷമാണ് കേസിനാധാരം. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത്, സി.കെ സദാശിവന്, കെ. കുഞ്ഞഹമ്മദ് എന്നിവരെ പ്രതിയാക്കി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.