ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമല്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (എസ്പിഐഒ) ആണ് റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതെന്നും ഇക്കാര്യത്തില്‍ വെപ്രാളം എന്തിനാണെന്നും മന്ത്രി ചോദിച്ചു.
സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയമല്ല, സര്‍ക്കാരിനിതില്‍ റോളില്ല. റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് അവരോട് ചോദിക്കണം. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി റിപ്പോര്‍ട്ട് പുറത്തുവിടാമെന്നു വിവരാവകാശ കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. അതിനെ സര്‍ക്കാര്‍ എതിര്‍ത്തിട്ടില്ല. പുറത്തുവിടുന്നതിനോടു സര്‍ക്കാര്‍ യോജിക്കുകയാണു ചെയ്തതെന്നും സജി ചെറിയാന്‍ പറഞ്ഞു.
”സിനിമാ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ വച്ചു. അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ റിപ്പോര്‍ട്ട് പുറത്തുവിടേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കല്ല. അതിനകത്തെ നിരീക്ഷണങ്ങളും നിഗമനങ്ങളും നിര്‍ദേശങ്ങളും വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കും. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. അതു പുറത്തുവിടേണ്ട ഉത്തരവാദിത്തം എസ്പിഐഒയ്ക്കാണ്. കോടതി പറഞ്ഞ സമയത്തിനുള്ളില്‍ എസ്പിഐഒ റിപ്പോര്‍ട്ട് പുറത്തുവിടണം. പുറത്തുവിട്ടില്ലെങ്കില്‍ ആര്‍ക്കും കോടതിയില്‍ ചോദ്യം ചെയ്യാം. കോടതി പറഞ്ഞ ഒരാഴ്ച സമയപരിധി ആയിട്ടില്ല.”-സജി ചെറിയാന്‍ പറഞ്ഞു