ആഗ്ര: മകള്‍ സെക്സ് റാക്കറ്റില്‍ കുടുങ്ങിയെന്ന വ്യാജ ഫോണ്‍ കോളിന് പിന്നാലെ ഹൃദയം പൊട്ടി മാതാവ് മരിച്ചു.ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപികയായ മാലതി വര്‍മയാണ് പണംതട്ടാനുള്ള വ്യാജകോളിന് പിന്നാലെ ഹൃദയംപൊട്ടി മരിച്ചത്.
വാട്സാപ്പിലൂടെയായിരുന്നു കോള്‍. മകള്‍ സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്നും സുരക്ഷിതമായി വീട്ടിലേക്ക് എത്തണമെങ്കില്‍ എത്രയും പെട്ടെന്ന് ഒരു ലക്ഷം രൂപ നിശ്ചിത അക്കൗണ്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച ഉച്ചയോടെയാണ് മാലതി വര്‍മയ്ക്ക് കോള്‍ വന്നതെന്ന് മകന് ദിപന്‍ഷു പറഞ്ഞു. പരാതി നല്‍കാനോ മറ്റോ ശ്രമിക്കരുതെന്നും ഫോണില്‍ പറഞ്ഞിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ ഫോട്ടോയായിരുന്നു വാട്സാപ്പില്‍ പ്രൊഫൈല്‍ ചിത്രമായി ഉള്‍പ്പെടുത്തിയിരുന്നത്.
മകള്‍ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ടു എന്ന കാര്യം കുടുംബത്തിന് മാനഹാനി ഉണ്ടാക്കുമെന്നും ഇതിനിടവരുത്താതിരിക്കാനാണ് ഫോണ്‍ വിളിക്കുന്നതെന്നും കോളില്‍ പറഞ്ഞിരുന്നു.
‘അമ്മ ആഗ്ര അച്നേരയിലെ സര്‍ക്കാര്‍ ഗേള്‍സ് ജൂനിയര്‍ ഹൈസ്കൂളിലെ ടീച്ചറാണ്. അയാളുടെ കോള്‍ വന്ന ശേഷം അമ്മ പരിഭ്രാന്തയായി എന്നെ വിളിച്ചു. ഇതൊരു തട്ടിപ്പാണെന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മയക്ക് വലിയ മാനസിക പ്രയാസവും ഉണ്ടായി’.സഹോദരിയോട് സംസാരിച്ചെന്നും അവള്‍ക്കൊരു കുഴപ്പവുമില്ലെന്നും ഞാന്‍ പറഞ്ഞു. വൈകീട്ട് സ്കൂളില്‍നിന്ന് വന്നപ്പോള്‍ നെഞ്ച് വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞു. ഞങ്ങള്‍ കുടിക്കാന്‍ വെള്ളം കൊടുത്തെങ്കിലും ആരോഗ്യസ്ഥിതി വഷളായി. പിന്നാലെ മരിക്കുകയും ചെയ്തു’- മകന് കൂട്ടിച്ചേര്‍ത്തു.
കോള്‍ വന്ന നമ്പറിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്’.