തിരുവനന്തപുരം: മന്ത്രിമാറ്റം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് പോകുമെന്ന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ്. സ്ഥാനമാറ്റം വൈകാന്‍ തനിക്കുള്ള കുറ്റം എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും തോമസ് കെ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ സാമ്പത്തിക ക്രമക്കേടെന്ന വാര്‍ത്ത പത്രത്തില്‍ കണ്ടിരുന്നുവെന്നും എന്നാല്‍ ഏതാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ തീരുമാനമാണ് മന്ത്രിമാറ്റം. അത് എന്ത് കൊണ്ടാണ് ഇങ്ങനെ തട്ടുന്നത് എന്നറിയില്ല. മന്ത്രിസ്ഥാനത്തേക്കെത്താന്‍ തനിക്ക് എന്തെങ്കിലും യോഗ്യത കുറവുണ്ടെങ്കില്‍ അത് പറയേണ്ടത് ജനങ്ങളാണ്. ഇന്നലെ തന്നെ വിഷയത്തില്‍ തീരുമാനമുണ്ടാകേണ്ടതായിരുന്നു. ഇനി വിഷയം നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരാളെ അപമാനിക്കുന്നതിന് പരിധിയുണ്ട്. ഒരു മന്ത്രിസ്ഥാനത്തിനായി ജീവിതകാലം മുഴുവന്‍ കാത്തിരിക്കാന്‍ സാധിക്കില്ല. ഇനി ആകെ ഒരു വര്‍ഷവും ഏഴുമാസമേ ഉള്ളൂ. യെസ് ആയാലും നോ ആയാലും തീരുമാനം ഉടന്‍ വേണം. തീരുമാനം വൈകുന്നത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയ സാഹചര്യം എന്നാണ് മറുപടി. എന്താണ് ആ രാഷ്ട്രീയ സാഹചര്യമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി പാര്‍ട്ടി നേതൃത്വം നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രിമാറ്റം ഉടന്‍ ഉണ്ടാവില്ലെന്നായിരുന്നു തീരുമാനം. എ കെ ശശീന്ദ്രന്‍ തന്നെ മന്ത്രിയായി തുടരട്ടെയെന്ന തീരുമാനമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്.