കോഴിക്കോട്: അര്‍ജുന്റെ കുടുംബം നല്കിയ കേസില്‍ പ്രതികരിച്ച് ലോറിയുടമ മനാഫ്. അര്‍ജുനെ കണ്ടെത്തിയതോടെ ഒരു സമാധാന ജീവിതമുണ്ടാവുമെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ അതുണ്ടായില്ലെന്നും മനാഫ് പറഞ്ഞു. താന്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചിട്ടില്ലെന്നും മനാഫ് പറഞ്ഞു.വിതുമ്പിയാണ് മനാഫ് മാധ്യമങ്ങളോടു സംസാരിച്ചത്.
മനാഫിനെതിരെ അര്‍ജുന്റെ സഹോദരി അഞ്ജു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ചേവായൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. യൂട്യൂബ് ചാനലിലൂടെ അര്‍ജുന്റെ കുടുംബത്തെ അപകീര്‍ത്തിപെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സമൂഹത്തില്‍ മതസ്പര്‍ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
‘ഞാന്‍ മതങ്ങളെ കൂട്ടിയോജിപ്പിക്കാനാണ് ശ്രമിച്ചത്, ഒരിക്കലും മതങ്ങള്‍ തമ്മില്‍ തല്ലിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇതുവരെ ഞാന്‍ അര്‍ജുന്റെ കുടുംബത്തിനോടൊപ്പം തന്നെയാണ് നിന്നത്. ഇനിയും അങ്ങനെ തന്നെയായിരിക്കും. എന്നെ എങ്ങനെ കേസില്‍ കുടുക്കിയാലും ഞാന്‍ അവരുടെ കൂടെ തന്നെയുണ്ടാകും. ഇന്ന് രാവിലെയാണ് എനിക്കെതിരെ കേസുണ്ടെന്ന് അറിഞ്ഞത്. ഇന്നലെ മാപ്പുപറഞ്ഞപ്പോള്‍ എല്ലാം തീര്‍ന്നെന്നാണ് കരുതിയത്.ഇന്നലെ വാര്‍ത്ത സമ്മേളനം നടത്തിയപ്പോഴും എന്റെ ഭാഗത്തുനിന്ന് അറിയാതെ എന്തെങ്കിലും വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അതിന് മാപ്പു പറഞ്ഞതാണ്. എന്നിട്ടും അവര്‍ കേസു കൊടുത്തെങ്കില്‍ എന്താ ചെയ്യാ? അവരെ ആക്രമിക്കുന്ന രീതിയിലോ അധിക്ഷേപിക്കുന്നതോ ആയ കമന്റ് ഇടരുത് എന്നു തന്നെയാണ് പൊതുസമൂഹത്തോട് പറഞ്ഞിട്ടുള്ളത്. എന്റെ ഫോണിലേക്ക് ഒരുപാട് കോള്‍ വരുന്നുണ്ട്. അനാവശ്യമായി വിളിക്കരുത് എന്നാണ് എല്ലാവരോടും പറയാനുള്ളത്.
ജനവികാരം എങ്ങനെയാണെന്ന് എനിക്കറിയില്ല. കഴിയുംപോലെ എല്ലാവരോടും അഭ്യര്‍ഥിച്ചിട്ടുണ്ട്. കേസെടുത്തതില്‍ സങ്കടമുണ്ട്. എന്നാല്‍ ആരാണ്, എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല” -മനാഫ് പറഞ്ഞു.