ഷൂട്ടിങ്ങിനിടെ വിരണ്ടോടിയ നാട്ടാന ‘സാധു’വിനെ കാട്ടില്‍ കണ്ടെത്തി

കോതമംഗലം: തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമാ ഷൂട്ടിങ്ങിനിടെ കാടുകയറിയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. തുണ്ടം റേഞ്ചിലെ പഴയ ഫോറസ്റ്റ് സ്റ്റേഷന് പരിസരത്ത് നിന്നാണ് ആനയെ കണ്ടെത്തിയത്. കാല്‍പാദവും പിണ്ഡവും പിന്തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആനയെ കണ്ടെത്തിയതെന്ന് ഉടമ പറഞ്ഞു.ആനയെ ആനിമല്‍ ആംബുലന്‍സില്‍ കയറ്റിയാണ് വനത്തിന് പുറത്തെത്തിച്ചത്. ആന ആരോഗ്യവാനാണെന്ന് അധികൃതര്‍ അറിയിച്ചു.

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ആന കാട്ടിലേക്ക് വിരണ്ടോടിയത്. സിനിമാ ചിത്രീകരണത്തിനിടെ കൊമ്പന്മാര്‍ കുത്തുകൂടുകയായിരുന്നു. കുത്തേറ്റ പുതുപ്പള്ളി സാധു എന്ന നാട്ടാന കാട്ടിലേക്ക് ഓടി. ആന വിരണ്ടതോടെ ഷൂട്ടിങ് താത്കാലത്തേക്ക് നിര്‍ത്തിവെച്ച് സിനിമാസംഘം മടങ്ങി. വനംവകുപ്പ് ജീവനക്കാരുള്‍പ്പെടെയുള്ളവര്‍ ഏറെനേരം തിരഞ്ഞെങ്കിലും ആനയെ കണ്ടെത്താനായില്ല. രാത്രിയായതോടെ തിരച്ചിലവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ആനയെ കണ്ടെത്താനായത്.

Leave a Reply

Your email address will not be published. Required fields are marked *