കോഴിക്കോട്: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വര്‍ണത്തട്ടിപ്പുകേസില്‍ മുഖ്യപ്രതി മുന്‍ മാനേജറായ മധാ ജയ കുമാര്‍ പിടിയില്‍. തെലങ്കാനയില്‍ നിന്നാണ് ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇയാളെ പിടികൂടിയത്. ബാങ്കിലെ 42 അക്കൗണ്ടുകളില്‍നിന്നായി 26.24 കിലോ സ്വര്‍ണമാണ് ഇയാള്‍ കടത്തിയത്.
അടിപിടി കേസിനെ തുടര്‍ന്ന് ഇയാള്‍ തെലങ്കാന പോലീസിന്റെ പിടിയിലായിരുന്നു. ഇതേത്തുടര്‍ന്നാണ് വടകരയില്‍ ഇയാള്‍ക്കെതിരേ തട്ടിപ്പ് കേസ് ഉള്ളതായി തെലങ്കാന പോലീസ് മനസ്സിലാക്കിയത്. തുടര്‍ന്ന് വടകര പോലീസിനെ ഇവര്‍ ബന്ധപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വടകരയില്‍നിന്ന് പോലീസ് സംഘം തലങ്കാനയിലേയ്ക്ക് പോയത്.
കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശിയാണ് മധാ ജയകുമാര്‍. ഇയാള്‍ കടത്തിയതെന്ന് പറയുന്ന 26.24 കിലോഗ്രാം സ്വര്‍ണം ഉള്‍പ്പെടെ കണ്ടെത്തേണ്ടതുണ്ട്. തട്ടിപ്പില്‍ ഇയാള്‍ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.