തിരുവനന്തപുരം : കെ.ടി.ഡി.സി ചെയര്‍മാനും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷന് നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൌണ്ടിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍. സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടില്‍ നിന്ന് 10 ലക്ഷവുമാണ് പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ശശിയെ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമായിരിക്കും ഉണ്ടാവുക. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ നടപടി റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം പാര്‍ട്ടിയില്‍ തരംതാഴ്ത്തല്‍ നടപടി നേരിട്ട സി.പി.എം. നേതാവ് പി.കെ. ശശി കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനം രാജിവെച്ചേക്കും. പാര്‍ട്ടി ആവശ്യപ്പെടുംമുമ്പ് സ്ഥാനം രാജിവെക്കാനാണ് നീക്കം. തരംതാഴ്ത്തിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കിയേക്കും.അച്ചടക്ക നടപടിയുടെ പശ്ചാത്തലത്തില്‍ കെ.ടി.ഡി.സി. ചെയര്മാന് സ്ഥാനമൊഴിയാന്‍കൂടി പാര്‍ട്ടി നിര്‍ദേശിച്ചേക്കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ്, അതിന് മുമ്പുതന്നെ രാജിവെക്കാന്‍ ഒരുങ്ങുന്നത്. ജില്ലാ കമ്മിറ്റിയുടെ നടപടിക്കെതിരെ സംസ്ഥാന സമിതിയിലാണ് അപ്പീല്‍ നല്‍കുക. ചട്ടങ്ങള്‍ പാലിച്ചല്ല തനിക്കെതിരെ നടപടിയെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാകും അപ്പീല്‍ നല്‍കുക.