തിരുവനന്തപുരം: മലയാള സിനിമയില്‍ വനിതകള്‍ നേരിടുന്ന ചൂഷണങ്ങളും അതിക്രമങ്ങളും ചൂണ്ടിക്കാട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് . നടി രഞ്ജിനിയുടെ ഹരജി ഹൈകോടതി ഡിവിഷന് ബെഞ്ച് തള്ളിയതിനു പിന്നാലെയാണ് ഇന്ന് ഉച്ചയ്ക്ക് 2:30ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. സിനിമ മേഖലയില്‍ വ്യാപക ലൈംഗിക ചൂഷണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ചുണ്ട്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. വഴങ്ങാത്തവര്‍ക്ക് അവസരങ്ങളില്ല. വഴിവിട്ട കാര്യങ്ങള്‍ ചെയ്യാന്‍ സംവിധായകരും നിര്‍മാതാക്കളും നിര്‍ബന്ധിക്കുന്നു. ചൂഷണം ചെയ്യുന്നവരില്‍ പ്രമുഖ നടന്മാരുമുണ്ട്.
സഹകരിക്കുന്നവര്‍ക്ക് പ്രത്യേക കോഡാണ്. പരാതി പറയുന്നവരെ പ്രശ്നക്കാരായാണ് കാണുന്നു. സിനിമ നിയന്ത്രിക്കുന്നത് മാഫിയ സംഘങ്ങളാണെന്നും മലയാള സിനിമയില്‍ ആണ്‍കോയ്മ നിലനില്‍ക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
സ്ത്രീകള്‍ വ്യാപക അരക്ഷിതാവസ്ഥ നേരിടുന്നു. അവരെ രണ്ടാംതരക്കാരായി പരിഗണിക്കുന്നു. നടിമാര്‍ ജീവഭയം കാരണം തുറന്നുപറയാന്‍ മടിക്കുന്നു.
മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ട. ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സര്‍ക്കാര്‍ നിയമിച്ചത്. കമ്മിറ്റി 2019 ഡിസംബര്‍ 31ന് സര്‍ക്കാറിനു റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ചില ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പുറത്തുവിട്ടത്. 233 പേജുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.