കൊയിലാണ്ടി: കോഴിക്കോട് കാട്ടില്‍ പീടികയില്‍ മുഖത്ത് മുളകുപൊടി വിതറി കാറില്‍ കെട്ടിയിട്ട് പണം തട്ടിയെന്ന പരാതിയില്‍ പ്രതി പരാതിക്കാരന്‍ തന്നെയെന്ന് പോലീസ്. പരാതിക്കാരനായ സുഹൈലും കൂട്ടാളികളും ചേര്‍ന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണിതെന്നാണ് പോലീസ് നല്‍കുന്ന വിവരം. പയ്യോളി സ്വദേശി സുഹൈല്‍, സുഹൃത്ത് താഹ, യാസിര്‍ എന്നിവരെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. യാസിറില്‍ നിന്ന് 37 ലക്ഷം രൂപ കണ്ടെടുത്തു. പരാതിക്കാരന്റെ സുഹൃത്ത് ആണ് യാസിര്‍. കവര്‍ച്ച സുഹൈലിന്റെ കൂടി അറിവോടെ നടത്തിയ നാടകമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.സുഹൈലിന്റെ മൊഴികളിലെ പൊരുത്തക്കേടാണ് കേസില്‍ വഴിത്തിരിവായത്.
സുഹൈല്‍ എടിഎമ്മില്‍ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസിയുടെ ജീവനക്കാരനാണ്. ശനിയാഴ്ചയാണ് പരാതി ഉയരുന്നത്. അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്ന് എടിഎമ്മിലേക്ക് നിറയ്ക്കാന്‍ കൊണ്ടുപോകുന്ന പണം രണ്ടംഗ സംഘം കവര്‍ന്നു എന്നായിരുന്നു സുഹൈലിന്റെ പരാതി.
72 ലക്ഷം രൂപ നഷ്ടമായി എന്ന് എ.ടി.എം. കമ്പനി സ്ഥിരീകരിച്ചതോടെ പോലീസ് വിശദമായി അന്വേഷണം നടത്തുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന 25 ലക്ഷം രൂപ കവര്‍ന്നുവെന്നായിരുന്നു സുഹൈല്‍ ആദ്യം പറഞ്ഞത്. പിന്നീട് പൊലീസ് വിശദമായ മൊഴിയെടുക്കുന്നതിനിടെ 72 ലക്ഷം കവര്‍ന്നുവെന്ന് സുഹൈല്‍ മൊഴി നല്‍കി. തനിക്ക് ഒന്നും ഓര്‍മയില്ലെന്നും ബോധം പോയിരുന്നുവെന്നും സുഹൈല്‍ പറഞ്ഞിരുന്നു. എന്നാല്‍ ബോധം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവങ്ങളൊന്നും ഉണ്ടായില്ലെന്ന് വൈദ്യപരിശോധനയില്‍ പൊലീസിന് വ്യക്തമായി. ശരീരമാകെ മുളകുപൊടി ഉണ്ടായിരുന്നുവെങ്കിലും കണ്ണിന്റെ ഭാഗത്തുണ്ടായിരുന്നില്ലെന്ന് പൊലീസ് ശ്രദ്ധിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ അന്വേഷണം നടത്തിയത്.