കോട്ടയം: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തല്‍ നടത്തിയ മുണ്ടക്കയത്തെ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ ഇന്ന് രേഖപ്പെടുത്തും.
2018 മാര്‍ച്ച് 22നാണ് പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് ജെസ്നയെ കാണാതായത് .കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ജെസ്നയെ മുണ്ടക്കയത്തെ ലോഡ്ജില്‍ കണ്ടെന്നാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍. ഒരു യുവാവ് ജെസ്നക്കൊപ്പം ഉണ്ടായിരുന്നതായും പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടതോടെയാണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞു. ഇക്കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുന്‍ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമ പ്രതികരിച്ചത്.
ജീവനക്കാരി നടത്തിയ വെളിപ്പെടുത്തല്‍ തള്ളി ജെസ്നയുടെ പിതാവ് ജെയിംസും രംഗത്തെത്തിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രതികരണമെന്ന് ജെയിംസ് പറഞ്ഞു. സി.ബി.ഐ. കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.