തലശ്ശേരി : അഴിമതിക്കെതിരെ വിരല്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് പി.പി ദിവ്യ ചെയ്തതെന്ന് ദിവ്യയുടെ അഭിഭാഷകന്‍ അഡ്വ.കെ.വിശ്വന്‍. തലശേരി പ്രിന്‍സിപ്പള്‍ സെഷന്‍ കോടതിയില്‍ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹരജി പരിഗണിക്കുകയാണ് ഇന്ന്.
പി.പി ദിവ്യക്കെരിയുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും കോടതിയില്‍ അഡ്വ. കെ വിശ്വന്‍ ചൂണ്ടിക്കാട്ടി. മഹിള അസോസിയേഷന്‍ ഭാരവാഹിയാണെന്നും കണ്ണൂര്‍ സെനറ്റ് അംഗമാണ്,ഒരുപാട് ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നയാളാണ് ദിവ്യയെന്ന് അഡ്വ.കെ.വിശ്വന്‍ പറഞ്ഞു.
പി.പി ദിവ്യക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്ത വ്യക്തിയാണ് പി.പി ദിവ്യയെന്നാണ് അഭിഭാഷകന്‍ വാദിക്കുന്നത്. അഴിമതിക്കെതിരെയുള്ള സന്ദേശം മാത്രമാണ് എഡിഎമ്മിന്റെ യാത്രയയപ്പില്‍ ദിവ്യ ലക്ഷ്യമിട്ടതെന്നും നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിടാനുള്ള യാതൊരു പ്രകോപനവും നടത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദിവ്യ സ്ഥാനം രാജിവെച്ചത് നിയമത്തെ ബഹുമാനിച്ചാണെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.അന്താരാഷ്ട്ര പുരസ്‌കാരമടക്കം വാങ്ങിയ ഒരാളാണ് പി.പി ദിവ്യയെന്ന് അദ്ദേഹം വിശദീകരിച്ചു.. അഴിമതി വിരുദ്ധ പോരാട്ടമായത് കൊണ്ടാണ് പരസ്യമായി പ്രതികരിച്ചതെന്നും അദ്ദേഹം കോടതിക്ക് മുമ്പാകെ പറഞ്ഞു.
എഡിഎം നവീന്‍ ബാബുവിനെതിരെ രണ്ട് പരാതികളാണ് ദിവ്യയ്ക്ക് ലഭിച്ചതെന്നും അഡ്വക്കേറ്റ് പറഞ്ഞു. ഗംഗാധരന്റെയും പ്രശാന്തന്റെയും പരാതികളാണ് ദിവ്യക്ക് ലഭിച്ചത്. പരാതികള്‍ ലഭിച്ചാല്‍ മിണ്ടാതെ ഇരിക്കണോ എന്നും അദ്ദേഹം ചോദിച്ചു.മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും പ്രത്യേക അജണ്ടയെന്നും അഡ്വ.കെ.വിശ്വന്‍ പറഞ്ഞു. ദിവ്യയ്ക്ക് വേണ്ടിയുള്ള വാദം കോടതിയില്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.