ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്; കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണം :സാറാ ജോസഫ്

കോഴിക്കോട്:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും കുറ്റകൃത്യം ചെയ്തവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും എഴുത്തുകാരിയും സാമൂഹികപ്രവര്‍ത്തകയുമായ സാറാ ജോസഫ്. പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദാംശങ്ങള്‍ ഒന്നുമില്ല. അതൊരു പുക പോലെയാണ്. ആര്‍ക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങള്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവന്നതിനെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.

‘കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈം നടക്കുമ്പോള്‍ അതിലൊരു പ്രതിയോ പ്രതികളോ വേണം. പരാതിക്കാര്‍ അതില്‍ പേരുകള്‍ പറഞ്ഞിട്ടില്ല. പറഞ്ഞിട്ടുണ്ടെങ്കിലല്ലേ കോടതിക്കോ സര്‍ക്കാരിനോ നടപടിയെടുക്കാന്‍ കഴിയൂ? അങ്ങനെ പ്രത്യേകമായി റിപ്പോര്‍ട്ടില്‍ ഒന്നും കാണുന്നില്ല. ഇത് മുമ്പും നടന്നിട്ടുണ്ടാകാമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ആര്‍ക്കുവേണമെങ്കിലും പറയാവുന്ന കാര്യങ്ങളേയുള്ളു. കാരണം സിനിമാരംഗം എന്നുപറയുന്നത് കള്ളപ്പണവും മദ്യവും മയക്കുമരുന്നും ലൈംഗികഅരാജകത്വവുമെല്ലാം ഉള്ളതാണെന്ന് നമുക്കറിയാവുന്ന കാര്യമാണ്.

അതേസമയം ഒരു മാഫിയയുടെ കൈയിലാണ് ആ രംഗം തിരിയുന്നത് എന്നതുകൊണ്ട് അത് ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. പരാതികളില്‍ പറഞ്ഞിട്ടുള്ളപ്രകാരം ആരാണ് അവിടെ ഇടനിലക്കാരായിട്ടുള്ളത്, അവരുടെ പേരുകള്‍ പറയട്ടെ. എങ്കിലല്ലേ നിയമനടപടികള്‍ എടുക്കാന്‍ കഴിയുകയുള്ളൂ. അതൊന്നുമില്ലാതെ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിയിട്ടുള്ളത് അപൂര്‍ണമായ റിപ്പോര്‍ട്ടാണ്. പേര് പറഞ്ഞാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. അല്ലെങ്കില്‍ ഈ റിപ്പോര്‍ട്ടിന് ഒരു പ്രസക്തിയുമില്ലാതെയാകും. അത്തരത്തിലുള്ള വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമോ അതില്‍ നടപടിയെടുക്കുമോ എന്ന ആശങ്കയുണ്ട്. നടന്നിട്ടുള്ളത് ക്രൈം ആണ്. തൊഴിലിടത്തില്‍ സ്ത്രീയെ ചെന്ന് വാതിലില്‍ മുട്ടിവിളിച്ച്, പേടിപ്പിച്ച് കൊണ്ടുപോയി ലൈംഗികബന്ധത്തിലേര്‍പ്പെടുക എന്നുപറയുന്നത് റേപ്പിന് തുല്യമാണ്. അത് കുറ്റകൃത്യമാണ്. പ്രതി ശിക്ഷിക്കപ്പെടുകതന്നെ വേണം.

Leave a Reply

Your email address will not be published. Required fields are marked *