കോഴിക്കോട്: പാണക്കാട് സാദിഖലി തങ്ങള്‍ക്ക് ഖാദിയാവാന്‍ യോഗ്യതയില്ലെന്ന് പണ്ഡിതസഭാംഗം ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസ്താവനയെ തള്ളി സമസ്ത. കഴിഞ്ഞദിവസം എടവണ്ണപ്പാറയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വച്ച് ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്നവരും പ്രവര്‍ത്തകരും വിവാദ പ്രസ്താവനകളില്‍ നിന്നും ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.
സമസ്ത നൂറാം വാര്‍ഷികത്തിന് തയാറെടുക്കുന്ന സന്ദര്‍ഭത്തില്‍ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാവരില്‍ നിന്നും ഉണ്ടാവേണ്ടത്. പരസ്പരം ഐക്യത്തിനും സൗഹാര്‍ദത്തിനും ഭംഗം വരുത്തുന്ന വിധം പൊതു വേദികളിലും സാമൂഹ്യ മാധ്യമങ്ങളിലും വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത് പൂര്‍ണമായും ഒഴിവാക്കണം. പ്രശ്ന പരിഹാരങ്ങള്‍ക്ക് വേണ്ടി ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ വിവാദ നിയമനങ്ങളോ പ്രസ്താവനകളോ ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും നേതാക്കള്‍ പറഞ്ഞു.