തൃശൂര്‍: കൊടകര കുഴല്‍പണക്കേസില്‍ വന്‍ വെളിപ്പെടുത്തലുമായി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കൊടകരയില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് സതീഷ് വെളിപ്പെടുത്തിയിരിക്കുന്നത്.
ആറു ചാക്കുകളിലാക്കിയാണ് പണമെത്തിച്ചത്. ആദ്യം തെരഞ്ഞെടുപ്പ് സാമഗ്രികളാണെന്നാണ് കരുതിയതെന്നും എന്നാല്‍ ഓഫീസില്‍ എത്തിച്ചപ്പോഴാണ് പണമാണെന്ന് മനസിലായതെന്നും സതീഷ് പറയുന്നു. ധര്‍മരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെ നിന്നാണ് കൊണ്ടുവന്നതെന്ന് അറിയില്ല. തൃശൂരിലേക്ക് ആവശ്യമുള്ള പണം നല്‍കിയ ശേഷം ബാക്കി അവിടെ നിന്നും കൊണ്ടുപോകുകയായിരുന്നുവെന്ന് സതീഷ് പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണെന്നും ജില്ല ഭാരവാഹികളാണ് പണം കൈകാര്യം ചെയ്തിരുന്നതെന്നും സതീഷ് പറഞ്ഞു.
കൊടകര കുഴല്‍പ്പണക്കേസ് നടക്കുന്ന 2021 ല്‍ ബിജെപിയുടെ തൃശൂര്‍ ഓഫീസില്‍ സെക്രട്ടറിയായിരുന്നു തിരൂര്‍ സതീഷ്.കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
2021 ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയില്‍ നിന്ന് കേരളത്തില്‍ എത്തിച്ച പണമായിരുന്നു മോഷണം പോയതെന്നായിരുന്നു ആരോപണം. ഏപ്രില്‍ മൂന്നിനായിരുന്നു സംഭവം.
തൃശൂരില്‍ നിന്ന് ബിജെപിയുടെ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് കൊണ്ടുപോയതെന്ന് ആരോപിച്ച പണം കൊടകരയില്‍വെച്ച് വ്യാജ അപകടം സൃഷ്ടിച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു. അപകടത്തില്‍ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ആദ്യം പരാതി ഉയര്‍ന്നത്. പിന്നീട് മൂന്നരക്കോടി വരെ നഷ്ടപ്പെട്ടെന്ന് പരാതിയുണ്ടായി. തൃശൂരില്‍നിന്ന് ആലപ്പുഴയിലേക്കു പണം കൊണ്ടുപോകും വഴിയായിരുന്നു അപകടം. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നു കണ്ടെത്തുന്നത്. പണം കര്‍ണാടകയില്‍നിന്ന് എത്തിച്ചയാണെന്നും കണ്ടെത്തലുണ്ടായിരുന്നു.