തൃശ്ശൂര്‍: പൂര നഗരിയില്‍ ആംബുലന്‍സില്‍ വന്നതിന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരേ കേസെടുത്തു. സി.പി.ഐ നേതാവിന്റെയും മറ്റൊരു അഭിഭാഷകന്റേയും പരാതിയിലാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസും മോട്ടോര്‍ വാഹന വകുപ്പും കേസെടുത്തിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് സുരേഷ് ഗോപിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐ.പി.സി 279, 34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്.
തൃശ്ശൂര്‍പൂര സമയത്ത് ആംബുലന്‍സുകള്‍ക്കെല്ലാം പോകാന്‍ കൃത്യമായ വഴി മുന്‍കൂട്ടി രേഖപ്പെടുത്തി വെച്ചിരുന്നു. മന്ത്രിമാര്‍ക്ക് പോലും പൂര നഗരിയിലേക്ക് എത്താന്‍ ശക്തമായ നിയന്ത്രണമുണ്ടായിരുന്നു. മനുഷ്യ ജീവന് ഹാനി വരാന്‍ സാധ്യതയുള്ള തരത്തില്‍ ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നാണ് പരാതിയിലുള്ളത്. അഭിജിത് നായര്‍, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്.