കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച (നവംബര്‍ 8) വിധി പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ദിവ്യ ജാമ്യഹരജി സമര്‍പ്പിച്ചത്. ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു.
ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബവും കോടതിയില്‍ കക്ഷി ചേര്‍ന്നിരുന്നു.
എഡിഎമ്മിന്റെ മരണത്തില്‍ ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചുകളിച്ചെന്ന് മരിച്ച നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ വാദം.തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന് കോടതിയില്‍ ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള വാദത്തിലാണ് കുടുംബത്തിന്റെ അഭിഭാഷകന് ഇക്കാര്യം ഉന്നയിച്ചത്.
രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും ദിവ്യ അന്വേഷണത്തോട് സഹകരിച്ചില്ലെന്നായിരുന്നു പ്രധാന വാദം. കളക്ടര്‍ സൗഹൃദത്തോടെ പെരുമാറുന്ന ആളല്ല. ലീവ് നല്‍കാറില്ല. അത്തരത്തില്‍ അടുപ്പം ഇല്ലാത്ത കളക്ടറോട് കുറ്റസമ്മതം നടത്തിയെന്ന ആരോപണം തെറ്റാണെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന് വാദിച്ചു.
കളക്ടറുടെ മൊഴി ദിവ്യയുമായി ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കളക്ടറുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും കുടുംബത്തിന്റെ അഭിഭാഷകന് വാദിച്ചു.