ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം

കോഴിക്കാട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ കള്ളവോട്ട് ആരോപണത്തില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം. പി എസ് ജയപ്രകാശിന്റെ വോട്ട് നേരത്തെ ചെയ്തുവെന്നാണ് ആരോപണം. വരി നിന്ന് വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് തന്റെ വോട്ട് നേരത്തെ ചെയ്തതായി പറഞ്ഞതെന്നും താന്‍ സ്ഥിരമായി കോണ്‍ഗ്രസ് ഔദ്യോഗിക പാനലിന് വോട്ട് ചെയ്യുന്ന ആളാണെന്നും ജയപ്രകാശ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മിലും വാക്കേറ്റമുണ്ടായി. പോലീസും കള്ള വോട്ടിന് കൂട്ടുനില്‍ക്കുന്നു എന്നാണ് ആരോപണം.തുടര്‍ന്ന് വോട്ട് ചെയ്യാതെ വോട്ടര്‍മാര്‍ മടങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്.

ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് വീണ്ടും സംഘര്‍ഷം തുടങ്ങി. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിക്കുന്നു. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *