പാലക്കാട്: ഇന്ന് പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും സുപ്രധാന ദിവസമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും പാലക്കാട്ടെ വോട്ടര്‍മാരുടേത് മതേതര മനസ് ആണെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങള്‍ക്കെതിരെ ജനം വോട്ട് ചെയ്യുമെന്നും രാഹുല്‍ വ്യക്തമാക്കി.
മതേതര മുന്നണിക്ക് ജയമുണ്ടാകണം എന്നതാണ് പ്രാര്‍ത്ഥന. തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളല്ല ചര്‍ച്ചയായത് എന്ന കാര്യത്തില്‍ പരിഭവമുണ്ട്.
സന്ദീപ് വാര്യര്‍ ഒരു രാത്രി കൊണ്ട് സ്ഥാനാര്‍ത്ഥി ആകാന്‍ വന്നതായിരുന്നുവെങ്കില്‍ കൈ കൊടുപ്പ് ഉണ്ടാകില്ലായിരുന്നു എന്നും രാഹുല്‍ പറഞ്ഞു. പാലക്കാട് പോളിങ് കുറയാന്‍ സാധ്യതയുണ്ടെങ്കില്‍ അത് ബി.ജെ.പിക്ക് കുറയുന്ന വോട്ടായിരിക്കും. ബി.ജെ.പിയുെട ശക്തി കേന്ദ്രങ്ങളില്‍ ഇക്കുറി പോളിങ് കുറയും. മതേതര വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിക്കും.മികച്ച വിജയം യു.ഡി.എഫിന് ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു