മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍. മലപ്പുറം കിഴിശ്ശേരിയിലെ വസതിയിലെത്തിയാണ് പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് ദിനം കൂടിയായ ഇന്ന് രാവിലെ ഏഴുമണിയോടെ സന്ദീപ് സന്ദര്‍ശിച്ചത്.
സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തില്‍ എല്‍.ഡി.എഫിന്റെ പരസ്യം വന്നത് കഴിഞ്ഞ ദിവസമാണ്. ഈ പശ്ചാത്തലത്തിലാണ് സന്ദീപിന്റെ സന്ദര്‍ശനമെന്നതാണ് ശ്രദ്ധേയം.
തങ്ങളുടെ ആരോഗ്യവിവരങ്ങളും മറ്റും അന്വേഷിച്ച സന്ദീപുമായി തങ്ങള്‍ അല്പനേരം സൗഹൃദസംഭാഷണം നടത്തി. ഏറെക്കാലമായി കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് സന്ദീപ് പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. കെ.പി.സി.സി പ്രസിഡന്റ് കെ.പി. ഷൗക്കത്തലിയും ഒപ്പമുണ്ടായിരുന്നു.
ആത്മീയരംഗത്ത് സൂര്യതേജസ്സായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആ പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന പണ്ഡിത ശ്രേഷ്ഠനാണ് മുത്തുക്കോയ തങ്ങള്‍. അദ്ദേഹത്തിനോട് അങ്ങേയറ്റം ബഹുമാനമാണുള്ളത്. അദ്ദേഹത്തെ കാണാനും സ്േേനഹം അനുഭവിക്കാനും സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്. സമസ്തയുടെ സംഭാവനകള്‍ സ്വര്‍ണലിപികളില്‍ രേഖപ്പെടുത്തിയവയാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.