തിരുവനന്തപുരം: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും. സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കേരളം സന്ദര്‍ശിക്കുന്നതിന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്റെ അനുമതി ലഭിച്ചതായും മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷമാണ് അര്‍ജന്റീന ടീം എത്തുക. സര്‍ക്കാര്‍ സഹായത്തിലാകും മത്സരം നടത്തുക. മത്സര വേദിയായി കൊച്ചി പ്രഥമ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
‘അര്‍ജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങള്‍ സ്‌പെയിനിലേക്കു പോയിരുന്നു. സ്‌പെയിനില്‍വച്ച് ചര്‍ച്ച നടത്തി. 2025ല്‍ ഇന്ത്യയില്‍ അര്‍ജന്റീനയുടെ സൗഹൃദമത്സരം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാറിന് ഇത് വലിയ സാമ്പത്തിക ബാധ്യതയാകുന്നതു കൊണ്ടുതന്നെ സാമ്പത്തിക സഹകരണം ആവശ്യമാകും. കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷനുമായി സംസാരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വ്യാപാരികളുമായി ചേര്‍ന്ന് മത്സരം സംഘടിപ്പിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സര്‍ക്കാറിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരിക്കും മത്സരം നടത്തുക’ -മന്ത്രി പറഞ്ഞു.
ഒന്നരമാസത്തിനകം അര്‍ജന്റീനാ ടീം അധികൃതര്‍ കേരളത്തിലെത്തും. തുടര്‍ന്ന് ഔദ്യോഗികമായി സര്‍ക്കാരും അര്‍ജന്റീന ദേശീയ ടീമും സംയുക്തമായി ഒരു പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചത്.