തിരുവനന്തപുരം : അഴിമതി ആരോപണം നേരിടുന്ന സഹകരണ സംഘം പ്രസിഡന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്റ്സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് മോഹന കുമാരനെയാണ് (62) തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളറടയില്‍ ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
നിക്ഷേപത്തുക മടക്കി നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി നിരവധി പേര് പരാതി നല്‍കിയതിനെ തുടര്‍ന്ന് മോഹനന് ഒളിവില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപകര്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. ഇന്നലെയും സമാനമായ പ്രതിഷേധം ബാങ്കില്‍ അരങ്ങേറിയിരുന്നു. സഹകരണ വകുപ്പിന്റെ അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ 34 കോടിയിലധികം രൂപയുടെ തിരിമറി നടത്തിയതായി കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ വിവരം ജോയിന്റ് രജിസ്ട്രാര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്ന് ബോര്‍ഡ് പിരിച്ച് വിട്ടു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ ഈ മാസം 11നകം അറസ്റ്റ് ചെയ്യുവാനുള്ള നടപടികള്‍ എടുക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി സമരക്കാരെ അറിയിച്ചുവെങ്കിലും ഇതു വരെയും അറസ്റ്റ് ചെയ്തിട്ടില്ല.