കോടതി വിധിയില്‍ യാതൊരു ആശങ്കയുമില്ല, അന്തിമവിജയം തനിക്കുതന്നെ ആയിരിക്കും ; ആന്റണി രാജു

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മുന്‍ മന്ത്രി ആന്റണി രാജു. കോടതി വിധിയില്‍ യാതൊരു ആശങ്കയുമില്ലെന്നും അന്തിമവിജയം തനിക്കുതന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് ഈ കള്ളക്കേസ് രൂപപ്പെടുത്തിയെടുത്തതെന്നും ആന്റണി രാജു മാധ്യമങ്ങളോട് പ്രതികരിക്കവെ ആരോപിച്ചു.

നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അതില്‍ ആശങ്കയോ ഭയമോ ഇല്ലെന്നും വ്യക്തമാക്കിയ ആന്റണിരാജു, ഇത്തരം പ്രതിസന്ധികളാണ് തന്നെ കൂടുതല്‍ കരുത്തനാക്കിയതെന്നും മാധ്യമങ്ങളോടു പറഞ്ഞു.

‘കേസില്‍ പലരും പ്രതീക്ഷിച്ചിരുന്നത് സിബിഐ ആന്വേഷണത്തിന് കോടതി ഉത്തരവിടും എന്നായിരുന്നു. സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായാണ് പലരും സുപ്രീംകോടതിയെ സമീപിച്ചത്. അത് കോടതി അംഗീകരിച്ചില്ലല്ലോ. കഴിഞ്ഞ 34 വര്‍ഷമായി ഓരോ ഘട്ടത്തിലും ഈ കേസ് ചര്‍ച്ച ചെയ്യുന്നുണ്ട്. 1990-ലെ ഒരു കേസാണിത്.

വിചാരണ നേരിടാന്‍ ഭയമില്ല. നിയമപരമായ എല്ലാ സാധ്യതകളും തേടും. എന്റെ മന്ത്രി സ്ഥാനം തെറിപ്പിക്കാനായിരുന്നു ചിലരുടെ ശ്രമം. പക്ഷേ അത് നടന്നില്ല’, അദ്ദേഹം പറഞ്ഞു. വിചാരണ വേളയില്‍ കൃത്യമായി താന്‍ കോടതിയില്‍ ഹാജരായിട്ടുണ്ടെന്നും ആന്റണി രാജു പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *