ലഖ്നൗ: ഉത്തര്‍പ്രദേശ് ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ കൂടി മരിച്ചു. ഇതോടെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ മരണം 15 ആയി. മൂന്ന് കുട്ടികള്‍ ചൊവ്വാഴ്ച രാത്രിക്കും ബുധനാഴ്ച വൈകുന്നേരത്തിനും ഇടയിലായി മരണപ്പെടുകയായിരുന്നെന്ന് മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നരേന്ദ്ര സിങ് സെന്‍ഗാര്‍ പറഞ്ഞു. രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും സെന്‍ഗാര്‍ അറിയിച്ചു.
49 കുട്ടികള്‍ ചികിത്സയിലിരിക്കെയാണ് മെഡിക്കല്‍ കോളേജില്‍ തീപിടിത്തമുണ്ടായത്. അപകടത്തിന് പിന്നാലെ പത്ത് നവജാതശിശുക്കള്‍ അന്നേദിവസം തന്നെ മരണപ്പെട്ടിരുന്നു.
ഗുരുതരമായി പൊള്ളലേറ്റതും ശ്വാസം തടസവുമായിരുന്നു മരണകാരണം. മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ 17 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.