പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെയും, വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെയും ഫലങ്ങള്‍ ഇന്നറിയാം. രാവിലെ 8 മണിമുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും.
പാലക്കാട് ആര് പിടിക്കും? സിപിഎമ്മിന് ചേലക്കര നിലനിര്‍ത്താനാകുമോ? വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം പ്രിയങ്ക ഗാന്ധി മറികടക്കുമോ? എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഉടന്‍ അറിയാം.
പാലക്കാട് ഇത്തവണ 70.51 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് എല്‍ഡിഎഫിന് വേണ്ടി പി സരിന് യുഡിഎഫിന് വേണ്ടി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്‍ഡിഎയ്ക്ക് വേണ്ടി സി കൃഷ്ണകുമാര്‍ എന്നിവരായിരുന്നു മത്സര രംഗത്തുണ്ടായത്.
വയനാട്ടില്‍ 64.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറുകയായിരുന്നു. എല്‍ഡിഎഫിന് വേണ്ടി സത്യന് മൊകേരിയും എന്‍ഡിഎയ്ക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.
ചേലക്കരയില്‍ 72.29 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും കടുത്ത മത്സരമാണ് കാഴ്ചവെച്ചത്. എന്‍ഡിഎയ്ക്ക് വേണ്ടി കെ ബാലകൃഷ്ണനും നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിന്റെ ഡിഎംകെയ്ക്ക് വേണ്ടി എന്‍ കെ സുധീറും മത്സരിച്ചു.