പാലക്കാട്: ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തെ സംബന്ധിച്ച് ഒരു രാഷ്ട്രീയമാറ്റവും ഉണ്ടാക്കുന്നതല്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. തിരഞ്ഞെടുപ്പില്‍ എങ്ങനെയാണ് പാര്‍ട്ടിക്ക് വോട്ട് കുറഞ്ഞതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് ജയിച്ചാലും എല്‍ഡിഎഫ് ജയിച്ചാലും സംസ്ഥാനത്ത് ഭരണമാറ്റമോ പുതിയ സംഭവവികാസങ്ങളോ ഉണ്ടാകില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
‘ഈ ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തെ സംബന്ധിച്ച് ഒരു രാഷ്ട്രീയമാറ്റവും ഉണ്ടാക്കുന്നതല്ല. ഈ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചാലും എല്‍ഡിഎഫ് ജയിച്ചാലും ഇവിടെ ഭരണമാറ്റമോ പുതിയ സംഭവവികാസങ്ങളോ ഉണ്ടാകുന്നില്ല. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിജി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു എന്നുള്ളത് സംസ്ഥാനരാഷ്ട്രീയത്തില്‍ എന്തെങ്കിലും ഒരു മാറ്റത്തിന് കാരണമാകുന്ന ഫലമല്ല. കഴിഞ്ഞ 20 വര്‍ഷത്തോളമായി സിപിഎം കൈവശംവെക്കുന്ന ചേലക്കര മണ്ഡലത്തില്‍ അവര്‍ തന്നെ ജയിച്ചു. കഴിഞ്ഞ 15 വര്‍ഷമായി യുഡിഎഫ് കൈവശംവെക്കുന്ന പാലക്കാട് മണ്ഡലം അവര്‍ നിലനിര്‍ത്തി. ഇതൊന്നും ഒരു വലിയ പ്രത്യേകതയായി കണക്കാക്കേണ്ട ആവശ്യമില്ല, സുരേന്ദ്രന്‍ പറഞ്ഞു.
പാലക്കാട് ബിജെപി വിജയം പ്രതീക്ഷിച്ചാണ് മത്സരിച്ചതെന്നും പാലക്കാട് മൂന്ന്-നാലായിരം വോട്ടുകളുടെ കുറവ് എങ്ങനെ ഉണ്ടായി എന്നതിനേക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.