കൊച്ചി: സര്‍ക്കാറും സി.പി.എമ്മും ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ശരിവയ്ക്കുന്നതാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ ഹൈകോടതിയില്‍ നല്‍കിയ അപേക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്വേഷണം പ്രഹസനമാണെന്നാണ് അവര്‍ ആരോപിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഒരു ഉത്തരവ് പോലും ഇല്ലാതെയാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്നു വരുത്തി തീര്‍ക്കാനാണ് പൊലീസും ശ്രമിക്കുന്നത്. കൈക്കൂലി ചോദിച്ചെന്ന് ആരോപിച്ച് വ്യാജരേഖ ഉണ്ടാക്കിയതു സംബന്ധിച്ച് ഒരു അന്വേഷണവുമില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
കൈക്കൂലി ചോദിച്ചു എന്ന് പറയുന്ന വ്യാജ രേഖ ഉണ്ടാക്കിയവരെ കുറിച്ച് അന്വേഷണമില്ല. നവീന്‍ ബാബുവിന്റെ വീട്ടില്‍പോയി കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി, കേസിലെ പ്രതി ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ ഭാര്യയെ പറഞ്ഞയച്ചത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ്.
കേരള മനസാക്ഷിയെ ഞെട്ടിച്ച മരണമുണ്ടായിട്ടും പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നവീന്‍ ബാബു കേസിന് പിന്നില്‍ വലിയ ദുരൂഹതകളുണ്ട്. പമ്പ് തുടങ്ങുന്ന സ്ഥലവും പമ്പും ആരുടേതാണ്? കോടിക്കണക്കിന് രൂപ മുടക്കി പമ്പ് തുടങ്ങാനുള്ള സാമ്പത്തികശേഷി പ്രശാന്തനില്ല. പ്രശാന്തന്‍ ആരുടെ ബിനാമിയാണ്? സത്യസന്ധമായ അന്വേഷണം നടന്നാല്‍ ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ളവ പുറത്തുവരും. വന്‍ സാമ്പത്തിക ഇടപാടാണ് നടന്നിരിക്കുന്നത്. പ്രധാനപ്പെട്ട ഒരാളുടെ ബിനാമിയായാണ് പ്രശാന്തന്‍ പ്രവര്‍ത്തിക്കുന്നത്.
നിവൃത്തികേട് കൊണ്ടാണ് ദിവ്യയെ അറസറ്റു ചെയ്യേണ്ടി വന്നത്. ദിവ്യയെ പ്രീതിപ്പെടുത്താനാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യ സ്വീകരിക്കാന്‍ പോയത്. ദിവ്യക്ക് അറിയാവുന്ന രഹസ്യങ്ങള്‍ വെളിപ്പെടുത്തുമോയെന്ന പേടി സി.പി.എം നേതാക്കള്‍ക്കുണ്ട്. ഒരുപാട് ദുരൂഹതകളുള്ള ഈ കേസ് സി.ബി.ഐ അന്വേഷിക്കണം’ -പ്രതിപക്ഷ നേതാവ് പറഞ്ഞു.