സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്നു; റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തല്‍. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജ് അസി. പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതായും കണ്ടെത്തി. ഹയര്‍ സെക്കന്‍ഡറി അടക്കമുള്ള സ്‌കൂള്‍ അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.

അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം ഇവരില്‍ നിന്ന് തിരിച്ചു പിടിക്കാന്‍ ധന വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ധന മന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു.

ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്- 373 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്- 224 പേര്‍. മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയൂര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും മൃഗസംരണക്ഷ വകുപ്പില്‍ 74 പേരും പൊതുമരാമത്ത് വകുപ്പില്‍ 47 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണ്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46 പേരും ഹോമിയോപ്പതി വകുപ്പില്‍ 41 പേരും കൃഷി, റവന്യു വകുപ്പുകളില്‍ 35 പേര്‍ വീതവും ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റീസ് വകുപ്പില്‍ 34 പേരും ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31 പേരും കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27 പേരും ഹോമിയോപ്പതിയില്‍ 25 പേരും ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നു.

വില്‍പന നികുതി 14 വീതം, പട്ടികജാതി ക്ഷേമം 13, ഗ്രാമ വികസനം, പോലീസ്, പി.എസ്.സി, ആയുര്‍വേദ മെഡിക്കല്‍ എഡ്യുക്കേഷന്‍ 10 വീതം, സഹകരണം എട്ട്, ലജിസ്ലേച്ചര്‍ സെക്രട്ടറിയറ്റ്, തൊഴില്‍ പരിശീലനം, പൊതുഭരണം, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഏഴു വീതം, വനം-വന്യജീവി ഒമ്പത്, സോയില്‍ സര്‍വെ, ഫിഷറീസ് ആറു വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയര്‍ഫോഴ്‌സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് നാലു വീതം, സാമൂഹിക ക്ഷേമം, രജിസ്‌ട്രേഷന്‍, മ്യൂസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്‌സൈസ്, ആര്‍ക്കിയോളജി മൂന്നു വീതം, തൊഴില്‍, ലീഗല്‍ മെട്രോളജി, മെഡിക്കല്‍ എക്‌സാമിനേഷന്‍ ലബോട്ടറി, എക്‌ണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്‌സ്, ലാ കോളേജുകള്‍ രണ്ടു വീതം, എന്‍സിസി, ലോട്ടറീസ്, ജയില്‍, തൊഴില്‍ കോടതി, ഹാര്‍ബര്‍ എന്‍ജിനിയറിങ്, ഇലക്ട്രിക്കല്‍ ഇന്‍സ്പക്ട്രേറ്റ്, ഡ്രഗ്‌സ് കണ്‍ട്രോള്‍, വിന്നോക്ക വിഭാഗ വികസനം, കയര്‍ വകിസനം ഒന്നു വീതം എന്നിങ്ങനെയാണ് പരിശോധനയിലെ കണ്ടെത്തല്‍.

വിവിധതലങ്ങളിലുള്ള പരിശോധനകള്‍ തുടരാനാണ് ധനവകുപ്പ് തീരുമാനം. അനര്‍ഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും അര്‍ഹരായവര്‍ക്ക് മുഴുവന്‍ കൃത്യമായി പെന്‍ഷന്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *