കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അബ്ദുല്‍ സനൂഫ് സംസ്ഥാനം വിട്ടെന്ന സൂചന. അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്.
പ്രതി രക്ഷപ്പെട്ടത് സുഹൃത്തിന്റെ കാറിലാണ്. സുഹൃത്തിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതിക്കായി കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. യുവതിയുമായി സനൂഫ് ലോഡ്ജിലെത്തിയത് സുഹൃത്തിന്റെ കാറിലാണെന്നും പ്രതിക്ക് പാസ്പോര്‍ട്ട് ഇല്ലെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ബുധനാഴ്ചയാണ് പോലീസ് സ്ഥിരീകരിച്ചത്. ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
അബ്ദുള്‍ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.
മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീലയെ(35)യാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുഹമ്മദ് സനൂഫ് തിങ്കളാഴ്ച രാത്രി ലോഡ്ജില്‍ നിന്നും പോയതാണ്. പിന്നീട് ഇയാളെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ലോഡ്ജില്‍ നല്‍കിയ വിലാസവും ഫോണ്‍ നമ്പരും വ്യാജമാണെന്ന് പൊലീസ് പറഞ്ഞു.