ഹേമാ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക് താല്‍പര്യപ്രകാരം; കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് നടി സുപ്രിംകോടതിയില്‍

ഡല്‍ഹി : ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തിന് എതിരെ മൊഴി നല്‍കിയ നടി സുപ്രീംകോടതിയില്‍. ഹേമ കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി മൊഴി നല്‍കിയത് അക്കാദമിക താത്പര്യം കാരണമാണെന്നും കേസുമായി മുന്നോട്ട് പോകാന്‍ താത്പര്യം ഇല്ലെന്നും ഭാവിയില്‍ അതിക്രമങ്ങളുണ്ടാകരുതെന്ന താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നടി വ്യക്തമാക്കി.

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് നടി സുപ്രീംകോടതിയെ സമീപിച്ചത്. താന്‍ ഹേമ കമ്മറ്റിയോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം സ്വീകരിക്കുന്ന തുടര്‍നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. എന്നിട്ടും തന്റെ മൊഴിയുമായി നേരിട്ട് ബന്ധമില്ലാത്ത ആളുകളെ പോലും പൊലീസ് ചോദ്യം ചെയ്യലിന്റെ പേരില്‍ വിളിച്ചു വരുത്തുന്നു എന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *