തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകം തന്നെയാണെന്നും ആവര്‍ത്തിച്ച് പിതാവ് സി.കെ. ഉണ്ണി. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇതുവരെ തൃപ്തികരമായ അന്വേഷണം നടന്നില്ല. എവിടെയും തൊടാത്ത റിപ്പോര്‍ട്ടാണ് സി.ബി.ഐ നല്‍കിയത്. കള്ളക്കടത്ത് സംഘത്തിന്റെ സമ്മര്‍ദത്തിന് സി.ബി.ഐയും വഴങ്ങിയെന്നു വേണം മനസ്സിലാക്കാന്‍. അര്‍ജുന്‍ നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും സി.കെ. ഉണ്ണി ചൂണ്ടിക്കാണിച്ചു. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് ഉണ്ണിയുടെ പ്രതികരണം.
സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ 13 പേര്‍ ഇതിനകം തന്നെ പൊലീസ് പിടിയിലായിട്ടുണ്ട്. ഈ 13 അംഗ സംഘത്തിലെ അംഗമാണ് അര്‍ജുനും. ഈ മാസം 21-ാം തിയതിയായിരുന്നു പെരിന്തല്‍മണ്ണയില്‍ കവര്‍ച്ച നടന്നത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് 2018 സെപ്റ്റംബര്‍ 25 നുണ്ടായ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണ സമയം വാഹന ഓടിച്ചിരുന്നത് അര്‍ജുന്‍ ആയിരുന്നെന്ന് കണ്ടത്തിയത്. അന്ന് പോലീസും ക്രൈംബ്രാഞ്ചും സിബിഐയും വാഹനാപകടത്തിലെ സംശയങ്ങളില്‍ അര്‍ജുനെ ചോദ്യം ചെയ്തിരുന്നു.
2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്തുവച്ചാണു ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടായത്. മകള്‍ സംഭവ സ്ഥലത്തുവച്ചും ബാലഭാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയുമാണു മരിച്ചത്. ബാലഭാസ്‌കറിന്റെ മരണ സമയത്തുതന്നെ അര്‍ജുനുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങളുയര്‍ന്നിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമയുര്‍ന്നതോടെ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അന്വേഷണം നടത്തിയിരുന്നു.