കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് വീട് കുത്തിതുറന്ന് 300 പവനും ഒരു കോടിയും മോഷ്ടിച്ച സംഭവത്തില്‍ പ്രതിയുടെ അറസ്റ്റിന് നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങളെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍. സിസിടിവി ദൃശ്യത്തിലൂടെയാണ് മോഷ്ടാവ് കഷണ്ടിയുള്ള ആളാണെന്ന് മനസിലായെന്നതും ഡമ്മി ഉപയോഗിച്ച് ഡെമോ നടത്തിയെന്നും ദൃശ്യങ്ങള്‍ക്കൊപ്പം തന്നെ വിരലടയാളങ്ങളും നിര്‍ണായകമായെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍, കണ്ണൂര്‍ റൂറല്‍ എസ്പി എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി തിരിച്ചുവെച്ചിരുന്നു. എന്നാല്‍, മുറിയൂടെ ഉള്ളിലേക്കായിരുന്നു അബദ്ധത്തില്‍ തിരിച്ചുവെച്ചത്. മുറിയുടെ ഉള്ളിലേക്ക് തിരിച്ചുവെച്ച ഈ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
അഷറഫിന്റെ വീടും പരിസരങ്ങളും സംബന്ധിച്ച് വ്യക്തമായി അറിയുന്ന ആളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തില്‍ പോലീസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ എത്തിയിരുന്നു. തുടര്‍ന്ന് പരിസരവാസികളെ ചോദ്യംചെയ്തു. ലീജീഷിനെ ചോദ്യംചെയ്തതോടെ ചില സംശയങ്ങള്‍ പോലീസിനുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ഇയാള്‍ത്തന്നെയാണ് പ്രതിയെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാക്കിയത്.
തുടര്‍ന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ലിജീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.വിരലടയാളങ്ങള്‍ ശേഖരിച്ചപ്പോള്‍ കീച്ചേരിയിലെ പ്രതിയുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. തെളിവുകള്‍ ഒന്നൊന്നായി നിരത്തിയതോടെ ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ പ്രതി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തുമണിയോടെ തന്നെ പ്രതിയുടെ വീട്ടില്‍ നിന്ന് മോഷണവസ്തുക്കള്‍ കണ്ടെടുത്തു. 1.21 കോടി രൂപയും 267 പവന് സ്വര്‍ണ്ണവുമാണ് കണ്ടെടുത്തത്.
20-ാം തീയതിയാണ് മോഷണം നടത്തിയത്. 40 മിനിറ്റുള്ള ഓപ്പറേഷനിലാണ് ലിജീഷ് മോഷണം പൂര്‍ത്തിയാക്കിയത്. ലിജീഷ് പ്രധാനമായും ഉപയോഗിച്ചത് തന്റെ ‘പ്രൊഫഷണ്‍ സ്കില്‍’ എന്ന് പോലീസ് പറഞ്ഞു. വെല്‍ഡിങ് ജോലിയില്‍ വിദഗ്ധനായ ലിജീഷിന് രണ്ട് അലമാരകളും ലോക്കറും പൊളിച്ച് 300 പവനും ഒരുകോടിയിലേറെ രൂപയും കവര്‍ച്ച ചെയ്യുന്നത് ഒരു വിഷയമേ ആയിരുന്നില്ലെന്ന് പോലീസ് പറയുന്നു. കമ്പികളും ഗ്രില്സുകളുമൊക്കെയായി ബന്ധപ്പെട്ട ജോലിചെയ്യുന്ന ലിജേഷ്, ജനല്‍കമ്പി കൃത്യമായി എടുത്തുമാറ്റിയാണ് അകത്തുകടന്നത്.
മോഷണം നടത്താനെത്തുമ്പോള്‍ ലോക്കര്‍ ഉണ്ടെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും അലമാര പരിശോധിച്ചപ്പോള്‍ ലോക്കറിന്റെ താക്കോല്‍ കണ്ടെത്തിയെന്നുമാണ് പ്രതി മൊഴി നല്‍കിയതെന്നും കണ്ണൂര്‍ എസിപി ടികെ രത്നകുമാര്‍ പറഞ്ഞു. അങ്ങനെയാണ് ലോക്കര്‍ തുറന്നുള്ള മോഷണം നടന്നത്. ലോക്കര്‍ സ്വന്തമായി ഉണ്ടാക്കാന്‍ കഴിവുള്ള ആളാണ് പ്രതി. പ്രത്യേക രീതിയില്‍ മാത്രം തുറക്കാവുന്ന ലോക്കര്‍ അതുകൊണ്ടുതന്നെ എളുപ്പത്തില്‍ തുറന്നു. രാത്രി വീട്ടുകാര്‍ ഉറങ്ങിയതിനുശേഷമാണ് ആണ് മോഷണ മുതലുമായി വീട്ടിലേക്ക് പോയതെന്നും പ്രതി മൊഴി നല്കി.
കീച്ചേരിയിലെ മോഷണ കേസിലും ലിജീഷ് പ്രതിയാണ്. മറ്റു കേസുകള്‍ ഉണ്ടോയെന്ന് പരിശോധിച്ച് വരുകയാണ്.
അസി. പോലീസ് കമ്മിഷണര്‍ ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തില്‍ 20 അംഗ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. വളപട്ടണം, കണ്ണൂര്‍ സിറ്റി, ചക്കരക്കല്‍, മയ്യില്‍ പോലീസ് ഇന്‍സ്പെക്ടര്‍മാരും എസ്.െഎ.മാരും സംഘത്തിലുണ്ടായിരുന്നു.