തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ വീണ്ടും വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്. ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപയാണ് ആദ്യം തൃശ്ശൂരില്‍ എത്തിയതെന്നും ഇതില്‍ മൂന്ന് ചാക്കുകള്‍ ഉടന്‍തന്നെ ഇവിടെനിന്നും മാറ്റിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് ആരാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും അന്വേഷിക്കണമെന്നും കൊടുത്തുവിട്ട ആളുകള്‍ ഇത് വെളിപ്പെടുത്തണമെന്നും തിരുര്‍ സതീഷ് ആവശ്യപ്പെട്ടു.
രാജ്യത്തെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണ് കള്ളപ്പണ ഇടപാട്. ഇത് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഈ പണമെല്ലാം കൈകാര്യം ചെയ്യുന്നത് ജില്ലാ ട്രഷററാണ്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അനീഷിന്റെ നിര്‍ദേശം അനുസരിച്ച് മാത്രമാണ് അയാള്‍ പണം കൈകാര്യം ചെയ്യുന്നത്. ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫില്‍ സൂക്ഷിച്ച പണത്തിന് കാവല്‍ ഇരുന്നുവെന്ന ഒരു തെറ്റുമാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും സതീഷ് പറഞ്ഞു.
ബി.ജെ.പിയുടെ തൃശൂര്‍ ജില്ലാ ഘടകത്തില്‍ നടക്കുന്നത് കള്ളത്തരമാണ്. അടിയന്തരമായി ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ഈ കള്ളപ്പണ ഇടപാട് നടത്തിയ ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യണം. കള്ളപ്പണം ഉപയോഗിക്കുകയെന്നത് രാജ്യദ്രോഹക്കുറ്റമാണ്. ഈ കുറ്റം ചെയ്ത ആളുകളെ പോലീസോ ഇ.ഡിയോ ചോദ്യം ചെയ്യുകയും ഈ പണം എന്തിനുവേണ്ടിയാണ് ഉപയോഗിച്ചതെന്നും ആര്‍ക്കാണ് വീതം വെച്ചതെന്നും കൃത്യമായി കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.