ആലപ്പുഴ:കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ വാഹന ഉടമയ്ക്കെതിരെ കേസെടുത്തു.വാഹന ഉടമ ഷാമില്‍ ഖാനെതിരെ മോട്ടോര്‍ വാഹന വകുപ്പാണ് കേസെടുത്തത്. ഇയാള്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് വാഹനം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയെന്ന് കണ്ടെത്തി. മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. ഷാമില്‍ ഖാന് വാടക ഗൂഗ്ള്‍ പേ വഴി നല്‍കിയതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കും.
ഷാമില്‍ ഖാന്റെ മൊഴി നേരത്തേ ആര്.ടി.ഒ രേഖപ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥികളുമായുള്ള പരിചയത്തിന്റെ പുറത്താണ് വാഹനം വിട്ടുനല്‍കിയതെന്നും വാടക വാങ്ങിയിരുന്നില്ലെന്നുമാണ് തുടക്കം മുതല്‍ ഷാമില്‍ ഖാന് പറഞ്ഞിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടവേര കാര്‍ കെ.എസ്.ആര്.ടി.സി ബസുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണമായും തകര്‍ന്നു.