പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംശയകരമായ മുറിവുകളോ മറ്റ് പാടുകളോ ശരീരത്തിലില്ലെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ശരീരത്തിലെ നിറവ്യത്യാസം മരണശേഷം സ്വാഭാവികമായി വരുന്നതാണെന്നും പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് നല്കിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകള്‍ക്ക് ക്ഷതമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. പേശികള്‍ക്കും പ്രധാന രക്തക്കുഴലുകള്‍ക്ക് പരിക്കില്ല. തരുണാസ്ഥി, കശേരുക്കള് എന്നിവയ്ക്കും പരിക്കില്ലെന്നും അന്നനാളം സാധാരണ നിലയിലായിരുന്നവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം പ്രതികരിച്ചിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെ കാണിച്ച് ആത്മഹത്യയാണെന്ന നിലപാടില്‍ പൊലീസ് ഉറച്ചുനില്‍ക്കുകയായിരുന്നു.