കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്തിമവാദം തുറന്ന കോടതിയിലേക്ക്. വിചാരണയുടെ വിവരങ്ങള്‍ പുറംലോകം അറിയുന്നതില്‍ എതിര്‍പ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയില്‍ നടത്തണമെന്നും ആവശ്യപ്പെട്ട് അതിജീവിത വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണയുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാര്‍ത്ഥ വശങ്ങള്‍ പുറത്തുവരാന്‍ തുറന്ന കോടതിയില്‍ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരിക്കുന്നത്. ഹര്‍ജി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും.
സുപ്രീം കോടതി മാര്‍ഗ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു നടിയെ ആക്രമിച്ച കേസിന്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയില്‍ നടന്നത്. എന്നാല്‍ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതുസമൂഹം കൂടി അറിയട്ടെ ഇതില്‍ തന്റെ സ്വകാര്യതയുടെ വിഷയങ്ങളൊന്നുമില്ലെന്ന് കൂടിയാണ് അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.