പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയംപാടത്ത് ലോറി മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം. പനയംപാടം സ്ഥിരം അപകടങ്ങള്‍ നടക്കുന്ന മേഖലയെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടങ്ങള്‍ സ്ഥിരം കാഴ്ചയാണെന്നും കളക്ടര്‍ ഇടപെടാതെ പിരിഞ്ഞു പോവില്ലെന്നും പ്രതിഷേധിക്കുന്ന നാട്ടുകാര്‍ വ്യക്തമാക്കി. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. നാട്ടുകാരുടെ പരാതി അധികൃതര്‍ കേള്‍ക്കുന്നില്ലെന്നാണ് ആരോപണം.
‘ഇന്നും ഇന്നലെയും തുടങ്ങിയതല്ല ഇത്തരം അപകടങ്ങള്‍. അറുപതോളം പേരാണ് ഇതേ സ്ഥലത്ത് മരിച്ചത്. ഇത്രയും വീതിയുള്ള റോഡില്‍ ഒരു ഡിവൈഡര്‍ വെക്കാന്‍ കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. നടപ്പാതയും ഇല്ല. ഒന്ന് മഴ ചാറിയാല്‍ തന്നെ റോഡില്‍ അപകട സാധ്യത കൂടും’, നാട്ടുകാര്‍ പ്രതികരിച്ചു.
റോഡ് ഉപരോധിച്ചാണ് നാട്ടുകാരുടെ പ്രതിഷേധം. അപകടത്തില്‍ മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍.