രക്ഷാദൗത്യത്തിന് കൂലി ; കേന്ദ്രം കത്ത് നല്‍കിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമെന്ന് മന്ത്രി കെ.രാജന്‍

തിരുവനന്തപുരം: 2019ലെ പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള ദുരന്തമുഖത്തെ എയര്‍ലിഫ്റ്റിങ് രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കി തരണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് റവന്യു മന്ത്രി കെ രാജന്‍. തുക അടിയന്തരമായി തിരിച്ചടയ്ക്കണമെന്ന് കാണിച്ച് കേന്ദ്രം കത്ത് നല്‍കിയ നടപടി കേരളത്തോടുള്ള കടുത്ത വിവേചനമാണെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. കേന്ദ്ര നടപടിയെ രാഷ്ട്രീയമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.

തിരിച്ചടയ്ക്കണമെന്ന് വീണ്ടും വീണ്ടും സമ്മര്‍ദം ചെലുത്തിയാല്‍ എസ്ഡിആര്‍എഫില്‍ നിന്ന് തുക നല്‍കേണ്ടതിനെക്കുറിച്ച് ആലോചിക്കും. ദുരന്തമുഖത്തെ എയര്‍ ലിഫ്റ്റിന് 132.62 കോടി കേരളത്തോട് ചോദിച്ചത് കടുത്ത വിവേചനമാണ്. തുക ഒഴിവാക്കി നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ദുരന്ത മുഖത്ത് കേന്ദ്രം നല്‍കുന്ന സേവനങ്ങള്‍ക്കും കേന്ദ്ര ഏജന്‍സികളുടെ സേവനങ്ങള്‍ക്കും കേന്ദ്രം തന്നെ തുക എടുക്കുന്നതാണ് നല്ലത്.അതല്ലാതെ സംസ്ഥാന എസ്ഡിആര്‍എഫില്‍ നിന്ന് എടുത്ത് കേന്ദ്രത്തിന് നല്‍കാന്‍ പറയുന്നത് പ്രയോഗികമായി ശരിയായ നടപടിയല്ല. അതാത് സംസ്ഥാനങ്ങളാണ് തുക വഹിക്കേണ്ടതെങ്കിലും അതിന് തുല്യമായ തുക കേന്ദ്രം നല്‍കേണ്ടതുമാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ കേരളത്തിന്റെ എസ്ഡിആര്‍എഫ് ഫണ്ട് തന്നെ പല രീതിയില്‍ ഉപയോഗിക്കേണ്ടതുള്ളതിനാല്‍ അതില്‍ നിന്ന് ഇത്രയും ഭീമമായ തുക കേന്ദ്രത്തിന് നല്‍കേണ്ടത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ ദുരന്തബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം കേരളത്തോട് കണക്ക് പറഞ്ഞിരിക്കുന്നത്.എത്രയും പെട്ടെന്ന് തുക അടക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *