ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം മര്യാദയുടെ അതിരുകള്‍ മറികടക്കാനുള്ള ലൈസന്‍സ് അല്ലെന്ന് മദ്രാസ് ഹൈകോടതി. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കുടുംബാംഗങ്ങള്‍ക്കും ചില മന്ത്രിമാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് ക്രിമിനല്‍ നടപടി നേരിടുന്ന അണ്ണാ ഡി.എം.കെ. വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമുദയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നിരീക്ഷണം.
അഭിപ്രായ സ്വാതന്ത്ര്യം അവകാശം തന്നെയാണെന്നും എന്നാല്‍ അത് മര്യാദകള്‍ ലംഘിക്കാനുള്ള ലൈസന്‍സ് അല്ല എന്നുമാണ് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ച. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി ഹരജിക്കാരി സമര്‍പ്പിച്ച മാപ്പപേക്ഷ ആത്മാര്‍ഥതയോടെ അല്ലെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു.
മുഖ്യമന്ത്രി സ്റ്റാലിനും കുടുംബാംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കുമെതിരേ അമുദ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ ഉത്തരവില്‍പോലും ആവര്‍ത്തിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും ജസ്റ്റിസ് എ.ഡി ജഗദീഷ് ചന്ദ്ര പറഞ്ഞു.
സേലം ജില്ലയിലെ ആത്തൂരില്‍ സെപ്റ്റംബര്‍ 22-ന് മുന്‍ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈയുടെ 116-ാം ജന്മവാര്‍ഷികച്ചടങ്ങില്‍ സംസാരിക്കവേയാണ് അമുദ സ്റ്റാലിനെയും കുടുംബത്തെയും മറ്റുചില മന്ത്രിമാരെയും അപകീര്‍ത്തിച്ച് സംസാരിച്ചത്.