പത്തനംതിട്ട: റാന്നിയില്‍ വാക് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. എറണാകുളത്ത് നിന്നാണ് പ്രതികളായ റാന്നി ചേത്തയ്ക്കല്‍ സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടന്‍, അജോ എന്നിവര്‍ പിടിയിലായിരിക്കുന്നത്.
ബിവറേജസിന് മുന്നിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് ഗുണ്ടാ സംഘം അമ്പാടിയെ കൊലപ്പെടുത്തിയത്. സംഭവ ശേഷം വെച്ചൂച്ചിറ റൂട്ടില്‍ വാഹനം ഉപേക്ഷിച്ച പ്രതികള്‍ എറണാകുളത്തേക്ക് രക്ഷപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ പ്രതികള്‍ പിടിയിലായിരിക്കുന്നത്.
ഞായറാഴ്ച രാത്രി റാന്നിയിലെ ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്ന് രണ്ടുകൂട്ടര്‍ തമ്മില്‍ അടിപിടിയുമുണ്ടായി. ഇതിനു പിന്നാലെ യുവാവിനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.