മലപ്പുറം: മലപ്പുറം വലമ്പൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീന്റെ ഇടത് കണ്ണിന് ഗുരുതര പരിക്കേറ്റു. വാഹനം നടുറോഡില്‍ നിര്‍ത്തിയത് ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ക്രൂരമര്‍ദനം.
പുലാമന്തോളില്‍ ഒരു മരണാനന്തരചടങ്ങില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഷംസുദ്ദീന്. ഇതിനിടെ വലമ്പൂരില്‍വെച്ച് മുമ്പില്‍ പോയ ബൈക്ക് നടുറോഡില്‍ സഡന്‍ബ്രേക്കിട്ട് നിര്‍ത്തിയത് ഇദ്ദേഹം ചോദ്യം ചെയ്തു. ഇതിന്റെ പേരിലുണ്ടായ വാക്കേറ്റമാണ് ക്രൂരമര്‍ദനത്തില്‍ കലാശിച്ചത്.
വഴിയോരത്ത് ചോരയൊലിച്ച് കിടന്ന ശംസുദ്ദീനെ ഒന്നരമണിക്കൂറോളം ആരും തിരിഞ്ഞ് നോക്കിയില്ല. വെള്ളം ചോദിച്ചപ്പോള്‍ നാട്ടുകാരില്‍ ഒരാള്‍ കുപ്പിവെള്ളം നല്‍കിയെങ്കിലും അക്രമികള്‍ ഇത് പിടിച്ചുവാങ്ങി അതില്‍ തുപ്പിയിട്ട് കുടിക്കാന്‍ പറയുകയായിരുന്നു. ഒടുവില്‍ കരുവാരകുണ്ടില്‍നിന്ന് ബന്ധുക്കള്‍ എത്തിയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ശംസുദ്ദീന്റെ സഹോദരന് മുഹമ്മദലിയുടെ പരാതിയില്‍ മങ്കട പൊലീസ് കേസെടുത്തു.