മലപ്പുറം: അരീക്കോട്ടെ സ്പെഷ്യല്‍ ഓപ്പറേഷന്‍ പോലീസ് ക്യാമ്പില്‍ പോലീസുകാരന്‍ സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. അസി.കമാന്‍ഡന്റ് അജിത്തിന് മരിച്ച വിനീതിനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നതായും ഉദ്യോഗസ്ഥതല പീഡനമാണ് മരണത്തിലേക്ക് നയിച്ചത് എന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് സഹപ്രവര്‍ത്തകരായ കമാന്‍ഡോകളുടെ മൊഴിയിലുള്ളത് എന്നാണ് വിവരം.
വിനീതിന്റെ ആത്മഹത്യയില്‍, കൊണ്ടോട്ടി ഡിവൈ.എസ്.പി സേതുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിനീതിന്റെ സഹപ്രവര്‍ത്തകരായ എസ്.ഒ.ജി കമാന്‍ഡോകളുടെ മൊഴി രേഖപ്പെടുത്തിയത്.
2021 സെപ്റ്റംബറില്‍ എസ്ഒജി ക്യാമ്പില്‍ വച്ച് കുഴഞ്ഞുവീണു മരിച്ച ഉദ്യോഗസ്ഥന്‍ സുനീഷും വിനീതും സുഹൃത്തുക്കളായിരുന്നു. ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് പരിശീലനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സുനീഷ് ആവശ്യപ്പെട്ടിരുന്നു എങ്കിലും ഉന്നത ഉദ്യോഗസ്ഥര്‍ ഇത് പരിഗണിച്ചില്ല.
പരിശീലനത്തിനിടെ കുഴഞ്ഞുവീണ സുനീഷിനെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ അജിത്ത് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്ന് ആരോപണം ഉയര്‍ന്നിരുന്നു. എസ്ഒജി എസ്പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിനീത് ഇക്കാര്യം ഉന്നയിച്ചതില്‍ അജിത്തിന് വിരോധം ഉണ്ടായിരുന്നു. റിഫ്രഷര്‍ കോഴ്‌സിനായി അരീക്കോട്ടെത്തിയ വിനീതിനോട് ഈ മുന്‍ വൈരാഗ്യത്തോടെയാണ് അജിത് പെരുമാറിയിരുന്നത് എന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കി. റിഫ്രഷര്‍ കോഴ്‌സ് പരാജയപ്പെട്ടതിന് പിന്നാലെ കടുത്ത ശിക്ഷകള്‍ നല്‍കുകയും, അലവന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഉദ്യോഗസ്ഥരുടെ മൊഴിയില്‍ പറയുന്നു. ക്യാമ്പില്‍ ഒരു മാസം കൂടി തുടരേണ്ട സാഹചര്യം ഉള്ളതിനാല്‍ വിനീത് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു എന്നും മൊഴിയിലുണ്ട്. വിനീതിന്റെ മരണത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെ മൊഴി എടുക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.