ക്ഷേമപെന്‍ഷന്‍ തട്ടിപ്പ് ; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റിയ സംഭവത്തില്‍ ആറ് ജീവനക്കാര്‍ക്കെതിരെ നടപടി. ആറ് ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്തു.മണ്ണ് സംരക്ഷണ വകുപ്പിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. പാര്‍ട്ട് ടൈം സ്വീപ്പര്‍ മുതല്‍ വര്‍ക്ക് ഓഫീസര്‍ വരെയുള്ളവര്‍ നടപടി നേരിട്ടവരുടെ പട്ടികയിലുണ്ട്. അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കണമെന്നും ഉത്തരവുണ്ട്. 18 ശതമാനം പലിശ സഹിതം തിരിച്ചടക്കാനാണ് നിര്‍ദേശം.

നേരത്തെ അഡീഷണല്‍ സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അനര്‍ഹമായി കൈപ്പറ്റിയ തുക 18 ശതമാനം പിഴ പലിശ സഹിതം ഈടാക്കുമെന്നായിരുന്നു ഉത്തരവ്.

സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കം 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ധന വകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത്. കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, ഹയര്‍ സെക്കണ്ടറിയിലെ അടക്കം അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ടായിരുന്നു. അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കാനാണ് ധനവകുപ്പിന്റെ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *