അംബേദ്ക്കര്‍ പരാമര്‍ശം; അമിത് ഷാക്കെതിരെ ചെന്നൈയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

ചെന്നൈ: ബി.ആര്‍. അംബേദ്ക്കര്‍ക്കെതിരായ കേന്ദ്രമന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ചെന്നൈ പ്രസിഡന്‍സി കോളേജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് അമിത് ഷാക്കെതിരെ പ്രതിഷേധം നടക്കുന്നത്.

ആര്‍.എസ്.എസ്-ബി.ജെ.പിയുടെ ജാതി ചിന്താഗതിയാണ് പരാമര്‍ശങ്ങള്‍ വെളിപ്പെടുത്തുന്നതെന്ന് എസ്.എഫ്.ഐ പ്രതികരിച്ചു. എ.ഐ.എസ്.എയും അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

സംസ്ഥാന ഭരണകക്ഷിയായ ഡി.എം.കെയും വിദ്യാര്‍ത്ഥി നേതാക്കളും പ്രതിഷേധ രംഗത്തുണ്ട്. അംബേദ്ക്കര്‍ പരാമര്‍ശത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് ഡി.എം.കെ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഒന്നിലധികം ദളിത് സംഘടനകളും കേന്ദ്രമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. നാഗ്പൂരില്‍ ദീക്ഷഭൂമി ബച്ചാവോ സംഘര്‍ഷ് സമിതി ഷാക്കെതിരെ മാര്‍ച്ച് നടത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

ബി.ജെ.പിയുടെ ജാതിവെറിയാണ് കേന്ദ്ര സര്‍വകലാശാലകളിലെയും ഐ.ഐ.ടികളിലെയും വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ക്ക് കാരണമാകുന്നതെന്നും വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *