മുംബൈ: നാവിക സേനയുടെ സ്പീഡ് ബോട്ടിടിച്ച് യാത്രാ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ മലയാളി ദമ്പതികള്‍ സുരക്ഷിതര്‍. പത്തനംതിട്ട കൈപ്പട്ടൂര്‍ സ്വദേശികളായ മാത്യു ജോര്‍ജ്, നിഷ മാത്യു ജോര്‍ജ് എന്നിവരെയാണ് കണ്ടെത്തിയത്. ദമ്പതികള്‍ മുംബൈ ഡോക് യാര്‍ഡിലുള്ളതായി പൊലീസ് സ്ഥിരീകരിച്ചു.
അപകടത്തില്‍ പരിക്കേറ്റ് ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ച ആറുവയസുകാരന്‍ മലയാളിയാണെന്ന് സംസാരത്തില്‍ നിന്ന് മനസിലായി. കുട്ടിയോട് സംസാരിച്ചപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് എത്തിയതെന്ന് മനസിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാപിതാക്കള്‍ മറ്റൊരു ആശുപത്രിയിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. കുട്ടിയെ ഉറാന്‍ പൊലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. മുംബൈ ചാന്ദിവലിയിലുള്ള ബന്ധുവീട്ടിലാണ് ഏബില്‍ മാത്യുവും അച്ഛന്‍ മാത്യു ജോര്‍ജും,അമ്മ നിഷ മാത്യു ജോര്‍ജും ഉള്ളത്. പത്തനംതിട്ട സ്വദേശിയായ ഇവര്‍ വിനോദയാത്രയ്ക്കായാണ് മുംബൈയില്‍ എത്തിയത്.