എറണാകുളം: നെല്ലിക്കുഴി കുറ്റിലഞ്ഞി പുതുപ്പാലത്ത് ആറ് വയസ്സുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് സംശയം. ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ മകള്‍ മുസ്‌കന്‍ ആണ് കൊല്ലപ്പെട്ടത്. കുട്ടിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നില്‍ രണ്ടാനമ്മ അനീഷയാണെന്നാണ് പൊലീസ് നിഗമനം. ഇവര്‍ ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി കൊലപാതകം നടത്തിയതാണെന്ന സംശയത്തിലാണ് അന്വേഷണസംഘം. സംഭവത്തില്‍ അനീഷയെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.
അറസ്റ്റിലായ അനിഷ പലപ്പോഴായി പലതരത്തിലുള്ള മൊഴിയാണ് പൊലീസിന് നല്‍കുന്നത്. അനിഷയുടെ ഭര്‍ത്താവ് അജാസ് ഖാന്‍ പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. വിശദമായ അന്വേഷണത്തിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു.
നെല്ലിക്കുഴിയില്‍ സ്ഥിര താമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ ആറു വയസുകാരിയായ മകള്‍ മുസ്‌കാനെ ഇന്നലെ രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അജാസ് ഖാന്റെ രണ്ടാം ഭാര്യ നിഷയെന്ന വിളിക്കുന്ന അനിഷയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതെന്നാണ് പൊലീസ് കണ്ടെത്തല്‍. അജാസ് ഖാന് ആദ്യ ഭാര്യയിലുള്ള കുട്ടിയാണ് കൊല്ലപ്പെട്ട മുസ്‌കാന്‍.