ഷെഫീഖ് വധശ്രമക്കേസ്; പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് കോടതി

ഇടുക്കി: ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരനെന്ന് കോടതി. ഷഫീക്കിന്റെ പിതാവായ ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.

സംഭവം നടന്ന് 11 വര്‍ഷത്തിനുശേഷമാണ് നിര്‍ണായകമായ കോടതി വിധി വരുന്നത്. ഇടുക്കി ഒന്നാംക്ലാസ് അഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിലെ പ്രതികളായ ഷെരീഫും അനീഷയും കുറ്റക്കാരാണെന്ന് വിധിച്ചത്.

തന്റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്‌സ് രാഗിണി പറഞ്ഞു.

പട്ടിണിക്കിട്ടും ക്രൂരമായി മര്‍ദ്ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. 2013 ജൂലൈ 15നാണ് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദൃക് സാക്ഷികളില്ലാതിരുന്ന കേസില്‍ മെഡിക്കല്‍ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും സഹായത്തോടെയാണ് പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കിയത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ സാരമായി ബാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *