കണ്ണൂര്‍: ഉളിക്കല്‍ പരിക്കളത്ത് മൂന്ന് ഐസ്ക്രീം ബോംബുകള്‍ കണ്ടെടുത്തു. കക്കുവപ്പറമ്പില്‍ ഗിരീഷിന്റെ വീടിന്റെ ടെറസില്‍ നടത്തിയ തെരച്ചിലിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഗിരീഷിന്റെ വീടിന് സമീപത്ത് പൊട്ടിത്തെറി ശബ്ദം കേട്ടിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാരാണ് പോലീസിനെ വിളിച്ചത്.
പൊലീസെത്തി ഗിരീഷിന്റെ വീട്ടിലടക്കം തെരച്ചില്‍ നടത്തിയപ്പോഴാണ് ടെറസില്‍ സൂക്ഷിച്ച ഐസ്ക്രീം ബോംബുകള്‍ കണ്ടെത്തിയത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വീടിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടെറസിന്റെ വിവിധ ഭാഗങ്ങളിലായി സൂക്ഷിച്ച നിലയിലായിരുന്നു ഉഗ്രസ്ഫോടക ശേഷിയുള്ള ബോംബുകള്‍ കണ്ടെത്തിയത്.പിന്നാലെ ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സിപിഎം അനുഭാവിയാണ് ഗിരീഷ് എന്നാണ് പൊലീസ് നല്കുന്ന വിവരം. വീടിനു മുകളില്‍ ബോംബ് നിര്മിക്കുന്നതിനിടെയാണു സ്ഫോടനമുണ്ടായതെന്നും സൂചനയുണ്ട്.