തൊടുപുഴ: നാലര വയസ്സുകാരന്‍ ഷെഫീഖിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ അച്ഛനും രണ്ടാനമ്മക്കും ശിക്ഷ വിധിച്ചു. ഒന്നാം പ്രതിയായ പിതാവ് ഷെരീഫിന് ഏഴുവര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്. കൂടാതെ ഇയാള്‍ക്ക് 50000 രൂപ പിഴയും ചുമത്തി. രണ്ടാം പ്രതിയായ അനീഷയ്ക്ക് 10 വര്‍ഷം കഠിനതടവുമാണ് ശിക്ഷ. ഇടുക്കി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
പിതാവും രണ്ടാനമ്മയും ചേര്‍ന്ന് അതിക്രൂരമായാണ് ഷെഫീഖ് എന്ന അഞ്ചുവയസുകാരനെ ഉപദ്രവിച്ചത്. കുറ്റകൃത്യം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത്. മെഡിക്കല്‍ തെളിവുകളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷന്‍ വാദം. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, വധശ്രമം ഉള്‍പ്പെടെ പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതെല്ലാം അംഗീകരിച്ചാണ് കോടതി പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.
2013 ജൂലൈ 15നാണ് ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് കുഞ്ഞിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഷഫീഖ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ സാരമായി ബാധിച്ചു.