പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരായി നടത്തിയ പരാമര്‍ശത്തില്‍ സിപിഐഎമ്മിന്റെ രൂക്ഷവിമര്‍ശനം. ഇറച്ചിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികളെന്ന പരാമര്‍ശം മുഴുവന്‍ മാധ്യമങ്ങളെയും പാര്‍ട്ടിക്കെതിരാക്കിയെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ പ്രതികരിച്ചു. പാര്‍ട്ടി ഇടപെട്ടിട്ടും പ്രതികരണം തിരുത്താന്‍ കൃഷ്ണദാസ് തയാറായില്ലെന്നും വിമര്‍ശനമുണ്ടായി.
കൂടാതെ പെട്ടി വിവാദം സംബന്ധിച്ച കൃഷ്ണദാസിന്റെ പരാമര്‍ശത്തിനെതിരെയും വിമര്‍ശനമുയര്‍ന്നു. പെട്ടി ദൂരേയ്ക്ക് വലിച്ചെറിയണമെന്ന നിലപാട് സിപിഎം നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമെന്ന അന്തരീക്ഷമുണ്ടാക്കി. സംസ്ഥാന സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയിട്ടും കൃഷ്ണദാസ് തിരുത്താന്‍ തയ്യാറായില്ലെന്ന് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുണ്ടായി. ഉപതെരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ എന്‍ എന്‍ കൃഷ്ണദാസിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിനെതിരായ വിമര്‍ശനം